Saturday, December 6, 2008

മലയാളി സ്ത്രീരംഗാവിഷ്കാരത്തിന്റെ വേരുകള്‍ തേടി

ഏതൊരു ദേശത്തേയും സ്ത്രീനാടകചരിത്രം എഴുതുമ്പോള്‍ അരങ്ങില്‍ സ്ത്രീസാന്നിദ്ധ്യം ഏതൊക്കെ നിലയില്‍ പ്രകടമായിരുന്നുവെന്ന അന്വേഷണം പ്രസക്തമാണു്. നാടോടി-പാരമ്പരാഗത രംഗകലകളുടെ നൈരന്തര്യത്തിന്റെ നിയാമകം എന്തായിരുന്നുവെന്നും ആ തുടര്‍ച്ചയെ ഭേദിക്കുന്ന ഇടപെടലുകള്‍ എന്തൊക്കെ തരത്തിലുള്ളതായിരുന്നുവെന്നും മനസ്സിലാക്കുക സ്ത്രീരംഗകലയുടെ ചരിത്രാന്വേഷണത്തില്‍ പ്രധാന്യം അര്‍ഹിക്കുന്നു. സ്ത്രീ രംഗകലകളുടെ ചരിത്രത്തില്‍ പലപ്പോഴും തുടര്‍ച്ചകള്‍ നഷ്ടപ്പെട്ടതായാണു് നമ്മുക്കു് കാണാനാവുക.‌ ഓരോ തവണയും പുതുതായി തുടങ്ങുക എന്ന ദുര്‍വിധി സ്ത്രീകള്‍ക്കു് ഉണ്ടാവുന്നതു് ചരിത്രം അവളുടെ മുന്‍കൈകളെ വേണ്ടരീതിയില്‍ ദൃശ്യമാക്കാത്തതുകൊണ്ടാണ്‌. രംഗകലകള്‍ക്കു്‌ സാഹിത്യത്തിന്റെ പിന്‍ബലവും തെളിവുകളുമില്ലെങ്കില്‍ അതിന്റെ ചരിത്രം ഇരുള്‍മൂടപ്പെട്ടു കിടക്കും. സ്ത്രീകളുടേതാവുമ്പോള്‍ ഈ അന്ധകാരത്തിനു് കട്ടി‍യേറുകയും ചെയ്യും. അതിനാല്‍ രേഖപ്പെടുത്തിയതും ഇക്കാലത്തു് സജീവമായതും സ്ത്രീ അറിവുകളില്‍ നിന്നു്‍ ലഭിച്ചതുമായ സ്ത്രീ നാടോടി പാരമ്പര്യകലാരൂപങ്ങളുടെ തുടര്‍ച്ച എന്തെന്നു്‌ അന്വേഷിക്കുന്നതു് പ്രസക്തമാണു്. ഈ ദൃശ്യപാരമ്പര്യത്തിന്റെ തുടര്‍ച്ച നാടകം എന്ന പുതിയ മാദ്ധ്യമത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ഏതെങ്കിലും ഘട്ടത്തില്‍ സര്‍ഗ്ഗാത്മക പിന്തുണ നല്കുന്നു‍ണ്ടോ എന്നതും പഠനവിധേയമാവേണ്ടതുണ്ടു്.

ഓരോ ദേശത്തിനും അതിന്റേതായ സാംസ്കാരികവും വൈജ്ഞാനികവുമായ പാരമ്പര്യമുണ്ട്‌. കേരളീയ ദൃശ്യകലാരൂപ ങ്ങള്‍ക്കു് രാജ്യത്തിന്റെ സാംസ്കാരികചരിത്രത്തില്‍ സുപ്രധാനമായ ഒരു സ്ഥാനമാണുളളതു്‌. മലയാളനാടകവേദിയും ഈ ദൃശ്യപാരമ്പര്യവും തമ്മിലുളള പാരസ്പര്യത്തെക്കുറിച്ച്‌ ഒട്ടേറെ ചര്‍ച്ചകള്‍ നാടകചരിത്രരേഖകളില്‍ കാണാനാവും.
"മുടിയേറ്റും തെയ്യവും തിറയും പടയണിയും മറ്റും വഹിച്ച പങ്കു് വിസ്മരിച്ചുകൊണ്ടു് മലയാളനാടകവേദിയുടെ ചരിത്രാന്വേ ഷണം ഒരിക്കലും പൂര്‍ണ്ണമാവുകയി‍ല്ല" എന്നു്‍ ചില നാടകചരിത്രകാരന്മാര്‍ പറയുമ്പോഴും മലയാളനാടകസാഹിത്യത്തിലൂടെ മലയാളനാടകാവതരണചരിത്രം കൂട്ടി‍യിണക്കാനാണ്‌ നാടകചരിത്രഗ്രന്ഥങ്ങള്‍ പൊതുവില്‍ ശ്രമിക്കുന്നതു്.

കേരളീയസ്ത്രീകള്‍ പങ്കുചേര്‍ന്നി‍രുന്നതോ സ്ത്രീകളുടെ മുന്‍കൈയ്യില്‍ അവതരിപ്പിച്ചിരുന്നതോ ആയ ഒട്ടേറെ വിനോദങ്ങളും നൃത്തങ്ങളും പാട്ടു‍കളും ഉണ്ടായിരുന്നു. അവയില്‍ പലതും ചരിത്രവിസ്മൃതിയില്‍ പെട്ടു‍പോയിരിക്കാം. ഇന്നും നിലവിലുള്ള ചില രൂപങ്ങള്‍ നടോടിസംഘങ്ങള്‍ കലാമേളകളില്‍ അവതരിപ്പിക്കാറുണ്ടു്. ഇവയ്ക്കു് പലതിനും ജൈവമായ തുടര്‍ച്ച കാണാനാവുന്നി‍ല്ല. എങ്കിലും അവ ഒരു കാലത്തു് മലയാളിസ്ത്രീകളുടെ സര്‍ഗ്ഗാവിഷ്കാരങ്ങളുടെ പ്രതിനിധാനങ്ങളാണു്‌. അത്തരം ചില രംഗകലാരൂപങ്ങളില്‍ സ്ത്രീ പങ്കാളിത്തം ഏതു രീതിയിലാണെന്നു് നോക്കാം.

സ്ത്രീകലകളിലെയും അനുഷ്ഠാനകലകളിലേയും സ്ത്രീപ്രാതിനിധ്യം

സ്ത്രീശരീരത്തിന്റെ മാസ്മരികമായ ചലനമാണ്‌ മുടിയാട്ടമെന്ന നൃത്തരൂപം. നീണ്ടമുടി അഴിച്ചിട്ടു‍കൊണ്ടു് ശിരസ്സു് പമ്പരംപോലെ ചുറ്റി, മുടി ചുഴറ്റി താളത്തില്‍ ചെയ്യുന്ന നൃത്തമാണു് മുടിയാട്ടം. വൃത്താകൃതിയിലുളള ചുവടുവെപ്പും മുടിയുടെ വൃത്താകൃതിയിലുള ചലനവും ഈ സ്ത്രീനൃത്തരൂപത്തിന്റെ പ്രത്യേകതയാണ്‌. മദ്ദളം, പറ, മരം, കരു, കൊക്കരോ എന്നി‍വയാണ്‌ പിണിവാദ്യങ്ങള്‍. പാട്ടി‍നും നൃത്തത്തിനും വേറെ വേറെ ആളുകളുണ്ടാവും. പാട്ടു‍കാരും മേളക്കാരും പുരുഷന്മാരാണു്‌. സ്തുതിപരമായ ഗാനങ്ങളാണു് മുടിയാട്ടപ്പാട്ടു‍കള്‍. വിശേഷദിവസങ്ങളില്‍ അവതരിപ്പിക്കുന്ന മുടിയാട്ടം പുലയര്‍, സാംബവര്‍, വേട്ടു‍വര്‍, ഉള്ളാടര്‍ തുടങ്ങിയ സമുദായക്കാരുടെ ഇടയില്‍ നടപ്പുള്ള കലാപ്രകടനമാണ്‌.

തൃശൂര്‍ ജില്ലയിലെ തൃശൂര്‍, തലപ്പിളി എന്നീ‍ താലൂക്കുകളില്‍ പാണസമുദായക്കാര്‍ നടത്തുന്ന അനുഷ്ഠാനപരവും വിനോദാത്മകവുമായ ഒരു കലയാണ്‌ ആണ്ടിക്കളി. പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള ആണ്കുട്ടി‍യോ പെണ്‍കുട്ടി‍യോ ആയി രിക്കും 'ആണ്ടിക്കിടാവ്‌". രക്ഷകര്‍ത്രിയായിരിക്കും ആണ്ടി. കര്‍ഷകത്തൊഴിലാളികളാണ്‌ ഇതു് അവതരിപ്പിക്കാറുള്ളതു്‌. മുതിര്‍ന്ന ഒരു സ്ത്രീ ഉടുക്കുകൊട്ടി‍ പാടുന്നു. ഉടുക്കിനു പകരം ഓട്ടുകിണ്ണവും ഉപയോഗിക്കും. വിടര്‍ത്തിപ്പിടിച്ച 'കൂറ" രണ്ടു കൈ കൊണ്ടും ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു് വൃത്താകാരത്തില്‍ ചുവടു് വെച്ചു് ആണ്ടിക്കിടാവു് നൃത്തം വെക്കുന്നു. സാധാരണ രാവിലെ മുതല്‍ വൈകുന്നേരം വരെ കളി തുടരും. ക്ഷേത്രങ്ങളുടെയോ വീടുകളുടെയോ മുറ്റത്താണു് ഇതു് കളിക്കാറുള്ളതു്. പ്രത്യേകിച്ചു് അരങ്ങോ ദീപവിധാനമോ ഇല്ല. പാവാടയും ജാക്കറ്റും ആണ്ടിക്കിടാവിന്റെ വേഷം. ആണ്ടി മുണ്ടും ജാക്കറ്റും ധരിക്കും‍. ആണ്ടിക്കിടാവു് തലയില്‍ ഒരു തുണികെട്ടും. മുഖത്തുനിറയെ ചാന്തുകൊണ്ടു് കള്ളികള്‍ വരയ്ക്കുന്ന പതിവുമുണ്ടു്‌.

പാലക്കാട്‌ ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ പ്രചാരമുളള കലാരൂപമാണ്‌ ഏഴുവട്ടംകളി. ഈ അനുഷ്ഠാനപരമായ കല പാണസമുദായക്കാര്‍ കൈകാര്യം ചെയ്യുന്നു‍. ഉഗ്രമൂര്‍ത്തിയായ കാളിയെ പ്രീതിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണു് ഈ കല. താളത്തിനൊപ്പിച്ചു് ചുവടുവെപ്പാണു് ഈ കലാരൂപത്തിന്റെ മുഖ്യഭാഗം. കളിയില്‍ ഏഴു് എടുപ്പുണ്ടു്‌. സ്ത്രീകളും പങ്കുചേരുന്ന ഈ കലാരൂപത്തില്‍ ചടുലമായ നൃത്തവും ഇടയ്ക്കുണ്ടാവും.

പാലക്കാട്‌ ജില്ലയില്‍ മണ്ണാര്‍ക്കാട്‌ താലൂക്കില്‍ അംഗളി (അട്ടപ്പാടി) യില്‍ പ്രചാരത്തിലുള്ള അനുഷ്ഠാനപരമായ ഒരു കലാവിശേഷമാണ്‌ കരടിയാട്ടം. പരേതന്റെ ആത്മമോക്ഷത്തിനും ദൈവപ്രീതിക്കുമായി ഉത്സവവേളകളില്‍ ഈ കല അവതരിപ്പിക്കുന്നു‍. ഏലേലെ ... കരടി....ഏലേലെ... എന്നു് വട്ടത്തില്‍ ചുവടുവെച്ചു് പാടിക്കളിക്കും. സ്ത്രീകളും പുരുഷന്മാരും ഇട കലര്‍ന്നു‍നിന്നാണു് പാടുകയും കളിക്കുകയും ചെയ്യുന്നതു്. നടുവില്‍ തീകൂട്ടി‍ കത്തിയുയരുന്ന തീജ്ജ്വാലകളുടെ വെളിച്ചത്തിലാണു് കളിക്കുന്നതു്‌.

കണ്ണ്യാര്‍കളിയിലെ മലമക്കളിയില്‍ പുരുഷന്മാരോടൊപ്പം സ്ത്രീകളും പങ്കെടുക്കും. സ്ത്രീവേഷങ്ങള്‍ക്കു് നാടകങ്ങളില്‍ കാണു വിധമുള്ള മേക്കപ്പ്‌ മാത്രം. കണ്ണൂര്‍ ജില്ലയിലെ പെരുവണ്ണാന്‍ സമുദായത്തില്‍പ്പെട്ടവരാണു് കുറുന്തിനിപ്പാട്ടു്‌ എന്ന അനുഷ്ഠാനപരമായ കല കൈകാര്യം ചെയ്യുന്നതു്‌. സന്താനലബ്ധിക്കായി നടത്തപ്പെടുന്ന കലയാണിതു്‌. കുളിച്ചു് തറ്റുടുത്തു് മേല്‍മുണ്ടണിഞ്ഞു് മുകളിലോട്ടു്‌ മുടികെട്ടിവെച്ചു് വ്രതാനുഷ്ഠാനനിരതയായി വേണം സ്ത്രീ ഇരിക്കാന്‍. ചുറ്റും കുറുന്തിനിഭഗവതി, കാമന്‍, കന്നി, കുതിരവേല്‍ കാമന്‍ എന്നീ‍ കോലങ്ങള്‍ കെട്ടിയാടുന്നു. പന്തലിലെ നാഗക്കളത്തില്‍ അനപത്യയായ സ്ത്രീയെ ഇരുത്തിയാണ്‌ ഈ അനുഷ്ഠാനകല പുരോഗമിക്കുക.

കോവില്‍നൃത്തം, അച്ചന്‍കോവില്‍ പ്രദേശം കേന്ദ്രീകരിച്ചു് പുലയരുടെ ഇടയിലാണു് നിലനിന്നു‍ വരുന്നതു്‌. പ്രത്യേകിച്ചു് പ്രായ പരിധിയില്ലാതെ, ഇത്ര പേര്‍ എന്നില്ലാതെ ചെയ്യുന്ന സമൂഹനൃത്തത്തില്‍ സ്ത്രീകളും പങ്കുചേരുന്നു. വെള്ള വസ്ത്രം ധരിച്ചു് മുടിയഴി ച്ചിട്ടാ‍ണു് സ്ത്രീകള്‍ നൃത്തം ചെയ്യുന്നതു്‌.

ചങ്ങനാശ്ശേരി, കോട്ടയം, പൊന്‍കുന്നം, റാന്നി‍, വൈക്കം എന്നിവിടങ്ങളില്‍ പ്രചാരത്തിലുള്ള കലയാണു് ക്യാതംകളി. വനാന്തര ങ്ങളില്‍ ജീവിക്കുന്ന വേടന്മാരുടെ അനുഷ്ഠാനകലയാണിതു്‌. കളി സംഘത്തില്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങിയിരിക്കും. പ്രത്യേ കിച്ച്‌ പ്രായപരിധിയില്ല. നാലു കളിക്കാരും രണ്ടു പാട്ടുകാരും ഉള്‍പ്പെട്ടതാണു് കളിസംഘം. രണ്ടു പാട്ടുകാര്‍ ഉടുക്കുകളുമായി രംഗത്തു വന്നു് പാടാന്‍ തുടങ്ങുന്നു. പാര്‍വ്വതിയുടെ വേഷമണിഞ്ഞ ഒരു സ്ത്രീ മേളത്തിനൊത്തു് നൃത്തം ചെയ്യുന്നു. പാട്ടുകാര്‍ പാട്ടിലൂടെ ശിവനെ വിളിക്കുമ്പോള്‍, ശിവന്റെ വേഷമിട്ടയാള്‍ രംഗപ്രവേശം ചെയ്തു് നൃത്തം ചെയ്യുന്നു. നൃത്താവസാനം ശിവന്‍ പാര്‍വ്വതിയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു‍. പാര്‍വ്വതിയുടെ നിര്‍ദ്ദേശപ്രകാരം രണ്ടു സ്ത്രീകള്‍ പ്രവേശിച്ചു് മുടിയാട്ടം നടത്തുന്നു. ശിവന്‍ സന്തു ഷ്ടനായി മുടിയാട്ടക്കാരെ അനുഗ്രഹിച്ചു് പാര്‍വ്വതിയോടൊപ്പം രംഗത്തു നിന്നു്‌ പോകുന്നു. മഞ്ഞച്ചേലയും ചുവന്ന ബ്ലൌ‍സും ആഭര ണങ്ങളും പാര്‍വ്വതിയ്ക്ക്‌. ആട്ടക്കാരികള്‍ക്കു് വെള്ളമുണ്ടും വെള്ളബ്ലൌ‍സും. ഉടുക്കുകളാണു് പ്രധാനവാദ്യോപകരണങ്ങള്‍. ഒപ്പം മദ്ദളം, ചെണ്ട, കിണ്ണം എന്നിവയും ഉപയോഗിക്കാറുണ്ടു്‌.

ആലപ്പുഴ ജില്ലയിലെ വിവിധപ്രദേശങ്ങളില്‍ പുലയ-കുറവ-പറയ സമുദായത്തിലെ കൂലിവേലക്കാരായ തൊഴിലാളികളുടെ അനുഷ്ഠാനകലാരൂപമാണു് തെയ്യണംകളി. നെല്‍ക്കൃഷിയുടെ വിവിധ ഘട്ടങ്ങളാണു് ഇവര്‍ അവതരിപ്പിക്കുക. സ്ത്രീകളും ഇതില്‍ പങ്കെടുക്കുന്നു. കള്ളിമുണ്ടും ബ്ലൌ‍സുമാണ്‌ സ്ത്രീകളുടെ വേഷം.

പണിയര്‍കളിയില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നി‍ച്ചു് പങ്കുചേരുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ സ്ഥലങ്ങളാണു് നൃത്തം ചെയ്യുക. സ്ത്രീകളുടെ ചലനങ്ങള്‍ താരതമ്യേന മൃദുവായിരിക്കും.

വയനാട്ടി‍ലെ ആദിവാസി സമൂഹത്തില്‍പ്പെട്ട പതിയന്മാരുടെ ഇടയില്‍ പ്രചാരമുള്ള ഒരു കലാപ്രകടനമാണു് പതിച്ചിക്കളി. സ്ത്രീകള്‍ മാത്രം പങ്കെടുത്തുവരുന്ന ഈ കലാരൂപത്തിനു് പ്രത്യേകിച്ചു് വാദ്യോപകരണങ്ങളും അരങ്ങും ഇല്ല. മുറ്റത്തു് കൊളുത്തി വെച്ച നിലവിളക്കിനു് ചുറ്റും നിന്നു്‌ കയ്യടിച്ചു് പാട്ടുപാടി അവര്‍ നൃത്തം ചെയ്യുന്നു. വേഷവിധാനവും താളക്രമവും നൃത്തത്തെ ആകര്‍ഷണീയമാക്കുന്നു. കലാകാരികള്‍ രണ്ടു കൈകളിലും നിറയെ വളയിട്ടു് കാതിലും കഴുത്തിലും സ്വര്‍ണ്ണത്തിന്റെയോ വെള്ളിയുടെയോ ആഭരണങ്ങള്‍ അണിഞ്ഞു്, തലയില്‍ വൃത്താകൃതിയില്‍ പൂക്കള്‍ ചൂടിയാണ്‌ നൃത്തം ചെയ്യുക.
പൂച്ചാരിക്കളിയെ മലപ്പുറം ജില്ലയില്‍ ഏറനാടു് താലൂക്കില്‍ പ്രചരിക്കുന്ന സമൂഹനൃത്തത്തില്‍ കണക്ക സമുദായത്തില്‍പ്പെട്ടസ്ത്രീകളാണു് പങ്കെടുക്കുന്നതു്‌. കൂലിവേലയാണു് ഇവരുടെ തൊഴില്‍. ഏകദേശം മുടിയാട്ടത്തോടു് സാമ്യമുള്ള ഒരു കലയാണിതു്‌. സ്ത്രീകള്‍ മുടിയഴിച്ചിട്ടു്‌ തലയാട്ടി‍യും ചുവടുകള്‍വെച്ചു് കൈകൊട്ടി‍യും പാട്ടുപാടി കളിക്കുന്നു. സാധാരണ വിവാഹത്തോടനുബന്ധിച്ചും പെങ്കുട്ടികളുടെ തെരണ്ടുകല്യാണത്തോടനുബന്ധിച്ചുമാണു് ഇതു് പ്രദര്‍ശിപ്പിക്കാറുള്ളതു്‌. പാടുപാടുകളിലധികവും ഏറനാട്ടി‍ല്‍ നിലവിലിരിക്കുന്ന മാപ്പിളപ്പാട്ടുകളുടെ ശൈലിയോടു് സാമ്യമുള്ളവയാണു്. വീട്ടുമുറ്റത്തു് ദീപവിധാനമോ വേഷവിധാനമോ ആവശ്യമില്ലാതെ കളിക്കുന്ന ഈ സംഘനൃത്തത്തിന്റെ ചുരുങ്ങിയ ദൈര്‍ഘ്യം 30 മിനുട്ടാണു്.
പൊറാട്ടുകളിയില്‍ പുരുഷന്മാരാണു് സ്ത്രീവേഷം കെട്ടുന്നതെങ്കിലും സ്ത്രീകഥാപാത്രങ്ങള്‍ മാത്രമടങ്ങിയ പുറാട്ടുകളിയും അവതരിപ്പിക്കപ്പെടാറുണ്ടു്‌. അതിനു് പാങ്കളി എന്നാണു് പേരു്.

മലവേട്ടുവര്‍ നൃത്തം ആലപ്പുഴ ജില്ലയിലാണു് പൊതുവില്‍ കണ്ടുവരുന്നതു്‌. പട്ടികജാതിക്കാരാണു് ഈ ദൃശ്യരൂപം അവതരിപ്പിക്കാറു്. സ്ത്രീകളും പുരുഷന്മാരും പങ്കെടുക്കുന്ന ഇതൊരു സാമൂഹികവിനോദമാണു്‌. മലവേട്ടുവര്‍ ആഹാരത്തിനായി മൃഗങ്ങളെ വേട്ടയാടുന്ന സമ്പ്രദായം നൃത്തരൂപേണ ഈ കലാരൂപത്തിലൂടെ ആവിഷ്കരിക്കുന്നു. അമ്പും വില്ലും കവണയും ഭാണ്ഡക്കെട്ടും കയ്യിലേന്തി സ്ത്രീപുരു ഷന്മാര്‍ വനാന്തരങ്ങളില്‍ ചുറ്റിത്തിരിയുമ്പോള്‍ ഒരു പന്നിയെ കണ്ടുമുട്ടുന്നതും അതിനെ ആയുധങ്ങളുപയോഗിച്ചു് കൊല്ലുന്നതുമാണു് ഈ നൃത്തത്തിന്റെ പ്രമേയം.

സ്ത്രീകളുടെ അനുഷ്ഠാനങ്ങളില്‍ ഏറെ പ്രചാരം നേടിയ ഒന്നാണു് തിരുവാതിരകളി. യുവജനോത്സവവേദികളില്‍ സജീവമായ ഈ കലാരൂപം, ഇന്നു്‌ സ്ത്രീ കൂട്ടാ‍യ്മയുടെയും ആഘോഷത്തിന്റെയും സന്തോഷം ഉള്‍ക്കൊളാത്ത സ്ത്രീശരീരചലനങ്ങളുടെ കേരളീയപ്രതീകമായി മാത്രം മാറുകയാണു്‌. എങ്കിലും ഒട്ടേറെ കൊടുക്കല്‍ വാങ്ങലുകളാല്‍ രൂപപ്പെട്ട ഇന്നത്തെ ഈ നൃത്തരൂപത്തിന്റെ ചരിത്രം ഇങ്ങിനെയാണ്‌.

"തിരുവാതിരോത്സവം സംബന്ധിച്ചുള പ്രത്യേക ചടങ്ങുകളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതു് 'തിരുവാതിരകളി' തന്നെയാണു്‌. തിരുവാതിരനാളില്‍ കളിക്കുന്നതുകൊണ്ടാകണം ഇതിനു് തിരുവാതിരകളി എന്നു്‍ പേരു് വീണതു്‌. സ്ത്രീകള്‍ ചുവടുവെച്ചു് പാട്ടു‍പാടി കൈകൊട്ടിക്കുന്നതുകൊണ്ടു് ഇതിനെ കൈകൊട്ടിക്കളി എന്നും പേരുണ്ടു്‌. തിരുവാതിരയുടെ പ്രധാനഭാവം ലാസ്യമായതുകൊണ്ടു് തിരുവാതിരകളിയും ലാസ്യപ്രധാനമായ ഒരു കലയാണു്. ഈ കല ഒരു കാലത്തു് കേരളീയ ഹിന്ദുഭവനങ്ങളില്‍ മാത്രമായി ഒതുങ്ങി കൂടിയിരുന്നു‍.

തിരുവാതിര കളിക്കുന്നതു് വീട്ടു‍മുറ്റത്തോ വീട്ടി‍നകത്തുള്ള വിശാലമായ തളത്തിലോ ആയിരിക്കും. കത്തിച്ചുവെച്ച വലിയ നിലവിളക്കും നിറപറയും മറ്റും മദ്ധ്യത്തിലായി സ്ഥാപിച്ചു് അതിനു ചുറ്റുമാണു് കളിക്കാര്‍ വട്ടത്തില്‍ കളിക്കുന്നതു്‌. കളിക്കാരുടെ കൂട്ടത്തില്‍ പല പ്രായക്കാരുമുണ്ടാവും. നല്ല മെയ്‌വഴക്കത്തോടും, ലാസ്യഭാവത്തോടും കൂടി നല്ലപോലെ താഴ്ന്ന താളക്രമത്തിലാണു് ചുവടുവെപ്പു്‌. കൈമുദ്രകളോ നവരസങ്ങളോ അഭിനയമോ ഇല്ലാതെയാണു് ഈ ചലനങ്ങള്‍. ഗണേശസ്തുതിയോടും സരസ്വതീ വന്ദനത്തോടും കൂടിയാണു് തിരുവാതിരകളി ആരംഭിക്കുക. സ്തുതിഗീതങ്ങളും തിരുവാതിരയെക്കുറിച്ചുള്ള ഐതിഹ്യങ്ങളും നാടന്‍ശൈലിയിലുള്ള പാട്ടു‍കളും ഈ ഗാനശേഖരത്തിലുണ്ടു്‌. കഥകളിപ്പദങ്ങളില്‍ ചിലതും സുലഭമായി ഉപയോഗിച്ചുവരുന്നു‍ണ്ടു്‌. ദ്രുതഗതിയിലുളള ചലനങ്ങളോടെ കൈകൊട്ടി ഇരുന്നും നിവര്‍ന്നും ചുവടുവെയ്ക്കുന്ന കുമ്മിയടി തിരുവാതിരകളിയുടെ ഒരു വിഭാഗമാണു്. തിരുവാതിരകളിയുടെ ഗാനശേഖരവും താളക്രമവും ഇന്നു്‌ നിലനില്ക്കുന്നതു് ടൂറിസ്റ്റ്‌ ആഘോഷത്തിന്റേയും കലാമേളകളുടേയും പൊലിമകളില്‍ മാത്രമാണ്‌. സ്ത്രീകളുടെ കൂട്ടാ‍യ്മകളുടെ സന്തോഷവും താളവും അതിനു് നഷ്ടപ്പെട്ടിട്ടു്‌ കുറെക്കാലമായി.

താളത്തിനും ചുവടിനും ഏറെ കൃത്യത ആവശ്യപ്പെടുന്ന ഒരു നൃത്തരൂപമാണു് ചരടുപിന്നിക്ക‍ളി. പല നിറത്തിലുള ചരടുകളുടെ ഒരറ്റം കളിക്കാരായ സ്ത്രീകളുടെ കൈയ്യിലുണ്ടാവും. ചരടിന്റെ മറ്റേയറ്റം കളിക്കുന്ന സ്ഥലത്തിന്റെ മുകളിലും. ചുവടുകള്‍ വെച്ചുകൊണ്ടും, പാട്ടു‍കള്‍ പാടിക്കൊണ്ടും താളബോധത്തോടെ അവര്‍ ചലിക്കുന്നു‍. ചരടുകള്‍ പരസ്പരം കൂടിപ്പിണഞ്ഞു് ഒറ്റച്ചരടായി മാറുമ്പോള്‍ നൃത്തത്തിന്റെ ഒരു ഘട്ടം കഴിയുന്നു. തുടര്‍ച്ചയായ അടുത്തഘട്ടത്തിലെ പാട്ടു‍കള്‍ താളബദ്ധമായ ചുവടുവെപ്പിലൂടെ പുരോഗമിക്കുമ്പോള്‍ ഒറ്റച്ചരടു് അഴിഞ്ഞു് പല ചരടുകളായി പൂര്‍വ്വാവസ്ഥയിലേക്കു് മാറുന്നു. ചുവടുവെപ്പിന്റെ കൃത്യത ഒട്ടേറെ ആവശ്യമുള്ള ഒരു നൃത്തരൂപമാണിതു്‌.

സുറിയാനി ക്രിസ്ത്യാനിസ്ത്രീകള്‍ (പുരുഷന്മാരും മാര്‍ഗ്ഗംകളിയില്‍ ഏര്‍പ്പെടാറുണ്ടു്‌) വൃത്തത്തില്‍ ചുവടുവെച്ചു് കൈകള്‍ ചലിപ്പിച്ചു് പാട്ടു‍പാടി കളിക്കുന്ന നൃത്തരൂപത്തെയാണു് മാര്‍ഗ്ഗംകളി എന്നു്‍ വിശേഷിപ്പിക്കുന്നതു്‌. ചടുലവും, എന്നാ‍ല്‍ ലയഭദ്രമായ ചലനസമ്പ്രദായമാണു് മാര്‍ഗ്ഗംകളിയുടേതു്‌. മാര്‍ത്തോമ്മായുടെ നടപടികള്‍ എന്ന കൃതിയുടെ കഥാസംഗ്രഹമാണു് മാര്ഗ്ഗംകളിപ്പാട്ടി‍ന്റെ ഉള്ളടക്കം. വിവാഹാദി ആഘോഷാവസരങ്ങളിലാണു് ഈ നൃത്തം പ്രധാനമായും അരങ്ങേറുക. ഇന്നു്‌ മാര്‍ഗ്ഗംകളി അതിന്റെ സ്വാഭാവികാവസരങ്ങളിലെ കലാപ്രകടനത്തില്‍നിന്നു്‍ മാറി കലാമേളകളിലേക്കു് ചേക്കേറിക്കഴിഞ്ഞു.

മലയിക്കൂത്തു് ഒരു അനുഷ്ഠാനകലയാണു്‌. മലയികൂത്തിന്റെ കഥാസന്ദര്‍ഭം ഇങ്ങിനെയാണു്. ദേവലോകത്തു നിന്നു്‌ ഏഴു ദേവകിമാര്‍ പൂ പറിയ്ക്കാന്‍ ഭൂമിയിലേക്കിറങ്ങി. പൂക്കള്‍ ശേഖരിക്കവേ ഒരാള്‍ ഒറ്റപ്പെട്ടു‍പോയി. മറ്റുളളവര്‍ ദേവലോകത്തേക്കു് പോയി. ഒറ്റപ്പെട്ട ദേവിയെ നാരദന്‍ കാണുതും കുടിയിരുത്തുന്നതുമാണു് സന്ദര്‍ഭം. ഇവിടെ ദേവകിയായി പ്രത്യക്ഷപ്പെടുന്നതു് സ്ത്രീതയൊണു്. ഞൊറിഞ്ഞുവെച്ചുടുപ്പും പുള്ളിക്കുപ്പായവും സ്വര്‍ണ്ണവും വെളളിയും കൊണ്ടുള്ള ആഭരണങ്ങളും ആണു് ചമയങ്ങള്‍. മുഖത്തു് മഞ്ഞതേച്ച്‌, കണ്ണെഴുതി ചന്ദ്രക്കല വെയ്ക്കും. തടിത്തണ്ടു് ധരിച്ചു്‌, തലയില്‍ കൂമ്പിന്‍മുടി അണിയും. വിളക്കിനു മുമ്പിലാണു് മലയിക്കൂത്ത്‌ അവതരിപ്പിക്കുക. പാട്ടുപാടിക്കൊണ്ടാണ്‌ കൂടിയാടുക. നാരദപ്രവേശത്തിനുശേഷം അവര്‍ കൂടിയാടും. ഒടുവില്‍ നാരദന്‍ ദേവിക്കു് അരി ചാര്‍ത്തും. കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നു് തെക്കുമ്പാട്‌ ക്ഷേത്രപരിസരത്താണു് മലയിക്കൂത്തു് അരങ്ങേറുക.
തുമ്പിതുള്ളല്‍ ഓണം തിരുവാതിരകാലത്തെ സ്ത്രീകളുടെ വിനോദങ്ങളിലൊന്നാ‍യിരുന്നു. പാട്ടിന്റെ താളത്തിനൊപ്പം നടുവിലിരിക്കുന്ന പെണ്‍കുട്ടി‍യുടെ താളം മുറുകും. അവള്‍ ഇരുന്നു‍കൊണ്ടു് അരയ്ക്കുമുകള്‍ഭാഗം മുഴുവന്‍ കറക്കും. ഉറഞ്ഞു തുളുന്ന അവ സ്ഥയാണു് അനുഭവപ്പെടുക. തുമ്പിയുണര്‍ത്താനും, തുമ്പിയെ അടക്കാനും വേറെ വേറെ പാട്ടു‍കളുണ്ടു്‌.

സ്ത്രീകള്‍ നേരിട്ടു്‍ പങ്കെടുക്കുന്ന അനുഷ്ഠാനകലകളില്‍ മറ്റൊരിനമാണു് സര്‍പ്പംതുള്ളല്‍. മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ ആവേശമായിരുന്നു‍ ഒരു കാലത്തു് ഒപ്പന. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഒപ്പനകളിയുണ്ടു്. കല്യാണത്തിനു് വധുവിനെ അലങ്കരിച്ചു് പന്തലിലേക്കു് ആനയിച്ചിരുത്തി, ചുറ്റും നിന്നും ഇരുന്നും പാടിയും കൈകൊട്ടിക്കളിച്ചും ഒപ്പന മുറുകുന്നു‍. ഇന്നു്‌ ഒട്ടേറെ ചുവടുവെപ്പുകള്‍ ഒപ്പനയിലുണ്ടെങ്കിലും നേരത്തെ മുന്‍പാട്ടുപാടലും, ഏറ്റുപാടലും പാട്ടു‍കാര്‍ക്കു് മുറുക്കം വരുമ്പോള്‍ കൈകൊട്ടലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇലത്താളമാണു് ഇതിലെ വാദ്യോപകരണം. താളനിബദ്ധമായ ഒപ്പനപാട്ടു‍കള്‍ കൂടുതലും ശൃംഗാരരസപ്രധാനമായ പ്രേമഗാനങ്ങളാണു്.

പെണ്ണുതരുമോ കളിയും, പെണ്ണിരക്കല്‍ കളിയും. സ്ത്രീയുടെ അക്കാലത്തെ സാമൂഹികസാഹചര്യങ്ങളിലേക്കു് വിരല്‍ചൂണ്ടുന്ന പെണ്‍വിനോദങ്ങളാണു്‌. ഉത്തരകേരളത്തില്‍ പെണ്ണുതരുമോ കളി എന്നും ദക്ഷിണകേരളത്തില്‍ പെണ്ണിരക്കല്‍ കളി എന്നും ഈ വിനോദം അറിയപ്പെടുന്നു. തിരുവാതിര, ഓണം തുടങ്ങിയ ആഘോഷാവസരങ്ങളിലാണു് സ്ത്രീകള്‍ ഈ രസകരമായ കളിയില്‍ ഏര്‍പ്പെടാറു്. മുഖത്തോടുമുഖം തിരിഞ്ഞ്‌ രണ്ടു നിരകളായി സ്ത്രീകള്‍ നില്ക്കുന്നു. ഒരു സംഘത്തിലെ നിരയുടെ മദ്ധ്യത്തിലായി ഒരു പെണ്‍കുട്ടി‍യും ഉണ്ടാകും. പാട്ടു‍പാടിക്കൊണ്ടു് ഒരു സംഘം മുന്നോട്ടു്‍ വരുമ്പോള്‍ മറ്റേ സംഘം പുറകോട്ടേക്കു് നടക്കും. ഇരുസംഘവും പാട്ടുമുറുക്കുന്നതിലാവും ശ്രദ്ധകേന്ദ്രീകരിക്കുക. ഒടുവില്‍ പെണ്ണിനായി തമാശരൂപേണയുള്ള പിടിവലിയിലാണ്‌ പാട്ട്‌ അവസാനിക്കുക.

പെണ്ണിനെ തരുമോ പാട്ട്‌
ഒരു കോര്യപ്പൊന്നു‍ തരാം (ഒന്നാം സംഘം)
പെണ്ണിനെ തരുമോ പാണ്ഡവരേ

ഒരു കോര്യപ്പൊന്നും വേണ്ടാ (രണ്ടാം സംഘം)
പെണ്ണിനെ തരില്ലാ നൂറ്റവരേ

രണ്ടുകോര്യപ്പൊന്നു തരാം (ഒന്നാം സംഘം)
പെണ്ണിനെ തരുമോ പാണ്ഡവരേ

ഇതുപോലെ സംഖ്യാസൂചകപദം മാറ്റി പത്തു പ്രാവശ്യം ആവര്‍ത്തിച്ചു പാടികളിക്കും. താളം മുറുക്കി ഒടുവില്‍,

അടുക്കളേല്‍ കേറും, ചട്ടി‍ക്കലം പൊളിക്കും ഇപ്പം പിടിക്കും പെണ്ണിനെ (ഒന്നാം സംഘം)
അടുക്കളേല്‍ക്കേറില്ല ചട്ടി‍ക്കലം പൊളിക്കില്ല ഇപ്പം പിടിക്കില്ല പെണ്ണിനെ (രണ്ടാം സംഘം)

തുടര്‍ന്നു്‍ വിനോദരൂപത്തില്‍ പിടിവലിയും നടത്തും.

പെണ്ണിരക്കല്‍ പാട്ട്

ഒരു കുടുക്കാ പൊന്നു‍ തരാം
പെണ്ണിനെ തരുമോ തോഴികളെ
ഒരു കുടുക്കാ പൊന്നും വേണ്ട
പെണ്ണിനെത്തരില്ലാ തോഴികളെ
ഒന്നേ‍ കോരിക പൊന്നു തരാം
പെണ്ണിനെ തരുമോ തോഴികളെ
ഒന്നേ‍ കോരിക പൊന്നും വേണ്ട
പെണ്ണിനത്തരൂല്ല തോഴികളേ.

പാട്ടു‍കളുടേതായ ഒരു പാരമ്പര്യവും കേരളത്തിലെ വിവിധ സമുദായത്തിലെ സ്ത്രീകള്‍ക്കു് ഉണ്ടായിരുന്നു. അമ്മാവിപ്പാട്ടും കല്യാണപ്പാട്ടും ഊഞ്ഞാല്‍പാട്ടും ഞാറ്റിപാട്ടും എല്ലാം മലയാളിസ്ത്രീക്കു് പതുക്കെ നഷ്ടപ്പെട്ടു‍കൊണ്ടിരിക്കയാണ്‌. ഈ പാട്ടു‍കള്‍ സ്ത്രീയുടെ അക്കാലത്തെ ജീവിതാവസ്ഥയിലേക്ക്‌ വെളിച്ചം നല്കുന്നവയാണു്. അതുമാത്രമല്ല, അവയുടെ പ്രത്യേകത. ഒരു കാലത്തെ പെണ്ണറിവുകളെ പകരുവാനുള്ള മാദ്ധ്യമം കൂടിയായിരുന്നു‍ അതു്‌. സൂതികര്‍മ്മം ഊഞ്ഞാല്‍പ്പാട്ടു്,‌ ഗര്‍ഭാരംഭം മുതല്‍ സ്ത്രീകള്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്നതായിരിന്നു. നാടന്‍പാട്ടു‍കളില്‍ താരാട്ടു‍പാട്ടും വിത്തുവിതപ്പാട്ടും ഞാറുനടല്‍പാട്ടും കൊയ്തുപാട്ടും ധാന്യംകുത്തുപാട്ടും തിരണ്ടുകുളിപാട്ടും ഉള്‍പ്പെടെ സ്ത്രീജീവിതത്തെയും അവളുടെ ചുറ്റുപാടുകളും വിവരിക്കുന്ന ഒട്ടനവധി പാട്ടുശേഖരം കൈമുതലായുണ്ടായിരുന്നു‍.

ജീവിതത്തിന്റെ ഭാഗമായ കലാവതരണത്തില്‍ സ്ത്രീ സാന്നിദ്ധ്യം എത്രമേല്‍ സജീവമായിരുന്നുവെന്നു് മേല്‍ സൂചിപ്പിച്ച പരമ്പരാഗതകലാരൂപങ്ങളില്‍ നിന്നും മനസ്സിലാക്കാം. എന്നാല്‍ കേരളീയജീവിതത്തിലെ സ്ത്രീസ്വത്വാവിഷ്കരണത്തിന്റെ അനുസ്യൂതി കാലക്രമത്തില്‍ വിച്ഛേദിക്കപ്പെട്ടു. പരമ്പരാഗതകലാവതരണങ്ങളില്‍ കാണുന്ന സ്ത്രീസത്വപ്രകാശനത്തിന്റെ തുടര്‍ച്ച നാടകാഭിനയത്തില്‍ ഉപയോഗിക്കാന്‍ സ്ത്രീക്ക്‌ അവസരങ്ങള്‍ ലഭിക്കുന്നതു് അടുത്തകാലത്തു മാത്രമാണു്. അതായതു് സ്ത്രീ നാടകവേദിയുടെ ബോധപൂര്‍വ്വമായ ഇടപെടല്‍ നാടകവേദിയില്‍ ഉണ്ടായപ്പോള്‍ മാത്രം. സ്ത്രീപ്രശ്നങ്ങളിലൂന്നി‍ സമതയും കേരള ശാസ്ത്രസാഹിത്യപരിഷത്തും നാടകങ്ങള്‍ ചെയ്യാനാരംഭിച്ചപ്പോള്‍ മുകളില്‍ പരാമര്‍ശിച്ച സംഗീതനൃത്തരൂപങ്ങള്‍ വ്യാപകമായി നാടകസങ്കേതങ്ങളായി ഉപയോഗിക്കുകയുണ്ടായി. മുകളില്‍ ചര്‍ച്ച ചെയ്ത നാടോടികലകളും നാടോടിസംഗീതവും കേരളസ്ത്രീയുടെ ജീവിതസ്ഥലികളില്‍ നിന്നും വികസിച്ചവയാണ്‌. സ്വന്തം വീട്ടു‍മുറ്റമോ അമ്പലമുറ്റങ്ങളോ മറ്റു ഗ്രാമകൂട്ടായ്മകളിലോ മാത്രമേ സ്ത്രീകള്‍ കലാപ്രകടനങ്ങള്‍ നടത്തിയിരുന്നള്ളൂ. നാടകാഭിനയം സ്ത്രീക്കു് പരിചിതമല്ലാത്ത പൊതുസ്ഥലത്തേക്കുള്ള ഇടപെടല്‍ ആയിരുന്നു. അതിനാല്‍ തന്നെ 1930കള്‍ വരെ സ്ത്രീക്കു് അതിനായി കാത്തിരിക്കേണ്ടി വരികയും ചെയ്തു.

മലയാളിയുടെ നാടോടിനാടകമായ പൊറാട്ടുനാടകത്തില്‍ പുരുഷന്മാരാണ്‌ സ്ത്രീവേഷം അവതരിപ്പിക്കാറു്‌. പൊറാട്ടുനാടകം, കാക്കിരിശ്ശിനാടകം, കുറത്തിയാട്ടം,ചിമ്മാനക്കളി, വെള്ളരിനാടകം എന്നി‍വയിലെല്ലാം പ്രായേണ പുരുഷന്മാരാണു് സ്ത്രീവേഷം കെട്ടി‍യിരുന്നതു്‌. അനുഷ്ഠാനാംശത്തോടൊപ്പം നാടകീയതയ്ക്ക്‌ ഏറെ സ്ഥാനമുള്ള നാടോടിനാടകമായ മുടിയേറ്റ്‌, നാടകീയാംശം കൂടുതലുള്ള അനുഷ്ഠാനമായ തെയ്യം,പടയണി എന്നി‍വയുടെ അനുഷ്ഠാനപരമായ ആവിഷ്ക്കാരത്തിലെല്ലാം സ്ത്രീക്ക്‌ കാഴ്ചക്കാരിയുടെ പങ്കുമാത്രമേ ഉള്ളു